മുങ്ങിത്താഴുന്ന അമേരിക്ക


കടക്കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ പരിശ്രമിക്കുന്ന അമേരിക്കന്‍ ഗവണ്‍മെന്റിനേറ്റ കനത്ത തിരിച്ചടിയാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ് എന്ന അന്താരാഷ്ട്രറേറ്റിങ് ഏജന്‍സി അമേരിക്കയുടെ എഎഎ എന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ് പദവി റദ്ദാക്കി എഎ പ്ലസ് എന്ന പദവിയിലേക്ക് തരം താഴ്ത്തിയത്. എഎഎ റേറ്റിങ് ലഭിച്ചശേഷം ആദ്യമായാണ് റേറ്റിങ്ങില്‍ ഇടിവ് സംഭവിച്ചത്. സാര്‍വദേശീയ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഡോളറിന്റെ സാര്‍വത്രികമായ അംഗീകാരത്തിന്റെയും കെട്ടുറപ്പിന്റെയും മാനദണ്ഡം ഈ റേറ്റിങ്ങായിരുന്നു.
ഷെയറുകളുടെ വില കുറഞ്ഞതു മാത്രമെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മനസ്സിലായുള്ളു. കാരണം ബാങ്കുകള്‍ സ്ഥിരം നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ കുറവായതുകൊണ്ട് അമേരിക്കന്‍ ജനത അവരുടെ സമ്പാദ്യത്തിന്റെ തൊണ്ണൂറു ശതമാനവും നിക്ഷേപിക്കുന്നത് ഷെയറുകളിലാണ്.

കര്‍ശനമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി നിര്‍ദേശങ്ങളും എസ്&പി അമേരിക്കന്‍ ഭരണകൂടത്തിന് നല്കിയിട്ടുണ്ട്. ചിലവുകള്‍ വെട്ടിച്ചുരുക്കണമെന്നും പാഴ്ചെലവ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. "വരവിനുള്ളില്‍ ഒതുങ്ങുന്ന ചെലവ്" എന്ന തത്വം അമേരിക്കന്‍ ഭരണാധികാരികള്‍ ഉള്‍ക്കൊള്ളണമെന്ന ഉപദേശവും എസ്&പി മുന്നോട്ടുവച്ചിട്ടുണ്ട്.  തൊണ്ണൂറ്റിനാലു കൊല്ലങ്ങള്‍ക്കുമുമ്പ് തങ്ങള്‍ക്ക് ലഭിച്ച ഈ റേറ്റിങ്ങിനുശേഷം ഇതിലും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ അമേരിക്ക കടന്നുപോയിട്ടുണ്ടെന്നും അന്നൊന്നും സ്വീകരിക്കാത്ത ഒരു നിലപാട് എന്തുകൊണ്ടാണ് ഇപ്പോള്‍ എസ്&പി സ്വീകരിച്ചത് എന്നുമാണ് അമേരിക്ക ഉന്നയിക്കുന്ന ചോദ്യം. അമേരിക്കയുടെ മൊത്തം കടം 14,57,000 കോടി യു എസ് ഡോളര്‍ (652 ലക്ഷം കോടി രൂപ) ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അമേരിക്ക കടം മേടിക്കാത്തവരായി ലോകത്ത് ആരുമില്ല. ലോകത്തിലെ മിക്കവാറും എല്ലാ വന്‍കിട സ്വകാര്യ പൊതുമേഖലാബാങ്കുകളും അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്.

യുഎസ് ട്രഷറി ബോണ്ടുകളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിട്ടുള്ള മറ്റൊരു മേഖല ലോകത്തിലെ വന്‍കിട പെന്‍ഷന്‍ കമ്പനികളാണ്. അമേരിക്കയുടെ ഉറപ്പുള്ളതുകൊണ്ടാണ് പെന്‍ഷന്‍ കമ്പനികള്‍ വന്‍തോതില്‍ ട്രഷറി ബോണ്ടുകളില്‍ പണം നിക്ഷേപിച്ചിരിക്കുന്നത്. ചൈനയും ഇന്ത്യയും ഹോങ്കോങ്ങും അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍ നിക്ഷേപിച്ച ഏഷ്യന്‍ രാജ്യങ്ങളില്‍ പെടുന്നു. വായ്പയെടുക്കുവാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അനുവദിച്ചിട്ടുള്ള പരിധി 14,10,000 കോടി ഡോളറാണ്. ഇത് ഉയര്‍ത്തണമെന്ന പ്രസിഡന്റ് ബറാക് ഒബാമയുടെ ആവശ്യത്തെച്ചൊല്ലി മാസങ്ങളോളം നീണ്ട ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടന്നു. കുറച്ചുനാളുകള്‍ക്കു മുമ്പാണ് വായ്പപരിധി ഉയര്‍ത്തുവാനുള്ള അനുമതി അമേരിക്കന്‍ കോണ്‍ഗ്രസ് നല്കിയത്. അമേരിക്കയുടെ ഏറ്റവും വലിയ വായ്പാദാതാവ് കമ്യൂണിസ്റ്റ് ചൈനയാണ്. അമേരിക്ക വരുമാനത്തിനനുസൃതമായി ചെലവഴിക്കുവാനും ജീവിക്കുവാനും പഠിക്കണമെന്ന് ചൈന പറഞ്ഞിട്ടുണ്ട്.  ഏഷ്യയിലെ ഏറ്റവും വിശ്വസ്ത സുഹൃത്ത് എന്ന് അമേരിക്ക വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഉറക്കം കെടുത്തുന്ന വാര്‍ത്തയാണിതെന്നാണ് വാര്‍ത്താവലോകനങ്ങളില്‍ സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

കടം നല്കിയവരില്‍ പതിനാലാം സ്ഥാനത്താണെങ്കിലും 4,100 കോടി ഡോളര്‍ ഇന്ത്യയും അമേരിക്കന്‍ ട്രഷറി ബോണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞതിനെതുടര്‍ന്ന് ആഗോള ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണുണ്ടായത്. ഇന്ത്യയിലും ജപ്പാനിലും ഹോങ്കോങ്ങിലും സിംഗപ്പൂരിലും ചൈനയിലും ഇതിന്റെ അലയടിയുണ്ടായി. സാധാരണക്കാരായ ദശലക്ഷക്കണക്കിന് നിക്ഷേപകരുടെ ജീവിതമാണ് ഇതുമൂലം ഒരു രാത്രികൊണ്ട് തകര്‍ന്നത്. വരാനിരിക്കുന്ന ഒരു വന്‍ സാമ്പത്തിക ദുരന്തത്തിന്റെ തുടക്കം മാത്രമാണിതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ .

Comments

Popular posts from this blog

തൃശൂര്‍ നിഘണ്ടു..... എന്തുട്ട ഗടി ഈ കാണണേ.....

പനിനീര്‍ പൂക്കള്‍.......

സ്വാര്‍തര്‍ അല്ലാത്ത മനുഷ്യര്‍ ഇല്ലാ, എല്ലാവരും സ്വാര്‍തര്‍ തന്നെ....