ടൈറ്റാനിക്കിന് ഒരു നൂറ്റാണ്ടു തികയുകയാണ്. 99 വര്‍ഷം മുന്‍പ് അറ്റ്ലാന്റിക്കിന്‍റെ അഗാധനീലിമയില്‍ വിലയംപ്രാപിച്ച .....
99 വര്‍ഷം മുന്‍പ് അറ്റ്ലാന്റിക്കിന്‍റെ അഗാധനീലിമയില്‍ വിലയംപ്രാപിച്ച ടൈറ്റാനിക്കെന്ന ജലറാണിക്ക് ഒരു നൂറ്റാണ്ടു തികയുകയാണ്. ഒരിക്കലും മുങ്ങില്ലെന്ന അഹങ്കാരത്തോടെയാണ് ഹാര്‍ലഡ് ആന്‍ഡ് വൂള്‍ഫ് കമ്പനി ആ ജലറാണി 1911 മെയ് 31ന് നീറ്റിലിറക്കിയത്. അന്നോളം നിര്‍മിച്ചതില്‍ വച്ചേറ്റവും സുരക്ഷിതവും ആഡംബരം നിറഞ്ഞതുമായ കപ്പല്‍ എന്ന ഖ്യാതിയും പേറി ടൈറ്റാനിക് എന്ന വിസ്മയം ബ്രിട്ടീഷ് ഹൃദയങ്ങളില്‍ നങ്കൂരമിട്ടു. മകളെ കതിര്‍മണ്ഡപത്തിലേക്കാനയിക്കുന്ന പിതാവിനെ പോലെ അവളെ ഉപമിക്കാന്‍ മറ്റൊരു മനുഷ്യസൃഷ്ടിക്കും ഇടനല്‍കാതിരിക്കാന്‍ കമ്പനി കിണഞ്ഞു ശ്രമിച്ചു. ഒരു യാത്രക്കു വേണ്ടിയിരുന്ന ഉയര്‍ന്ന നിരക്ക് ഇന്നത്തെ 99237 ഡോളറിനു തുല്യമായിരുന്നു.ഇത്രയും ഉയര്‍ന്ന നിരക്കില്‍ യാത്രചെയ്യാനാകാത്തതിനാല്‍ വന്‍ ജനക്കൂട്ടം അവളുടെ കന്നിയാത്രയില്‍ ഒരു നോക്കുകാണാന്‍ തീരത്തണഞ്ഞു. 1912 ആഗസ്ത് 10ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് 2240 പേരുമായി അവള്‍ യാത്രതിരിച്ചു. യാത്രയുടെ തുടക്കത്തില്‍ അരികില്‍ നങ്കൂരമിട്ടിരുന്ന എസ്എസ് ന്യൂയോര്‍ക്ക് എന്ന കപ്പലുമായി കൂട്ടിയിടിയൊഴിവായത് നാലടിയകലെ വച്ചാണ്. ഇതിനെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങാനായത്. നീന്തല്‍ക്കുളവും ജിംനേഷ്യവും സ്ക്വാഷ് കോര്‍ട്ടും ഗ്രന്ഥശാലയും വൈദ്യുതഗോവണിയും തുടങ്ങി ഒട്ടേറെ പുതുമകള്‍ കപ്പലിലൊരുക്കിയിരുന്നു. ഒരിക്കലും മുങ്ങില്ലെന്ന് വിദഗ്ധര്‍ ഉറപ്പുനല്‍കിയതിനാല്‍ 20 ലൈഫ് ബോട്ടുകള്‍ മാത്രമേ കപ്പലില്‍ ഉണ്ടായിരുന്നുള്ളൂ. ആഗസ്ത് 14 രാത്രി തെളിഞ്ഞ മാനത്ത് ദുരന്തത്തിനു സാക്ഷിയാകാന്‍ ചന്ദ്രന്‍ ദൃശ്യമായിരുന്നില്ല. തിരയടങ്ങിയ കടലിലൂടെ കപ്പല്‍ കുതിച്ചുപാഞ്ഞു. ഷാരോള്‍ഡ് ബ്രിഡ്ജും ജാക്ക് ഫിലിപ്പുമാണ് കപ്പലിലെ വയര്‍ലെസ് സംവിധാനം നോക്കിയിരുന്നത്. കപ്പലിലെ യാത്രക്കാര്‍ അയക്കുന്ന സന്ദേശങ്ങളിലും മറുപടികളിലും അവര്‍ മുഴുകിയതിനാല്‍ ടൈറ്റാനിക്കിന്‍റെ സഞ്ചാര പഥത്തില്‍ മഞ്ഞുമല രൂപപ്പെട്ട കാര്യമറിയിക്കാന്‍ നിരന്തരം വന്ന സന്ദേശങ്ങളെല്ലാം ഇവര്‍ തിരസ്കരിച്ചു. രാത്രി 11.40ന് കപ്പലിന്‍റെ യാത്രാരേഖയില്‍ വലിയ മഞ്ഞുമല കണ്ടപ്പോള്‍ കപ്പലിലെ അപായമണി മൂന്നു തവണയടിച്ചു. കപ്പല്‍ പൂര്‍ണമായും തിരിക്കുന്നതിനിടെ മഞ്ഞുമലയില്‍ ആഞ്ഞിടിച്ചു.

ആറുനിലകളിലേക്ക് വെള്ളം ഇരച്ചുകയറി. നാലു നിലകള്‍ മുങ്ങുകയാണെങ്കില്‍ പോലും കപ്പല്‍ മുങ്ങാതിരിക്കാനുള്ള സംവിധാനങ്ങള്‍ കപ്പലിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ എഡ്വാര്‍ഡ് ജെ സ്മിത്ത് ആദ്യം സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തുക എന്ന നയമാണ് സ്വീകരിച്ചത്. വയര്‍ലെസ് ഓപ്പറേറ്റര്‍മാര്‍ "സിക്യുഡി" എന്ന അപകട സന്ദേശം എല്ലാ കപ്പലുകളിലേക്കുമയച്ചു. ഇതിനു പുറമെ എസ് ഒ എസ് എന്ന പുതിയ അപകടസന്ദേശവും പരീക്ഷിക്കപ്പെട്ടു. ടൈറ്റാനിക്കിന്‍റെ ഏറ്റവും അടുത്തുണ്ടായിരുന്ന കപ്പല്‍ ചുനാര്‍ഡ് ലൈന്‍സിന്‍റെതായിരുന്നു. അതാകട്ടെ 93 കിലോമീറ്റര്‍ അകലെയായിരുന്നു. അപകടസ്ഥലത്ത് ആ കപ്പല്‍ എത്തിയപ്പോഴേക്കും ടൈറ്റാനിക് മുങ്ങുമെന്നുറപ്പായിരുന്നു. അവസാന പ്രതീക്ഷയും അസ്തമിച്ചപ്പോഴാണ് തൊട്ടടുത്തായി നങ്കൂരമിട്ടിരിക്കുന്ന കപ്പലിന്‍റെ വെളിച്ചം കണ്ടത്. അവരുമായി വയര്‍ലെസില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വയര്‍ലെസ് സംവിധാനം അവര്‍ ഓഫാക്കിയിരുന്നു. അപകടവിവരമറിയിക്കാനായി വര്‍ണ റോക്കറ്റുകള്‍ തൊടുത്തെങ്കിലും പ്രതികരണം ഉണ്ടായില്ല. ഒന്നും രണ്ടും ക്ലാസുകളില്‍ യാത്രചെയ്ത 30 കുട്ടികളില്‍ 29 പേരെയും ബോട്ടുകളില്‍ രക്ഷപ്പെടുത്തിയപ്പോള്‍ മൂന്നാം ക്ലാസില്‍ യാത്ര ചെയ്ത പാവപ്പെട്ട 79 കുട്ടികളില്‍ 52 പേരും മരിച്ചു. 425 സ്ത്രീകളില്‍ 319 പേരും രക്ഷപ്പെട്ടപ്പോള്‍ 1690 പുരുഷന്മാരില്‍ 332 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. കപ്പലിലെ 885 പുരുഷജീവനക്കാരില്‍ 693 പേരും മരണത്തിനു കീഴടങ്ങി. ഇവര്‍ അവസാന സമയംവരെ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചു. ജലത്തിലേക്കു പതിച്ചവര്‍ സമുദ്രജലത്തിന്‍റെ കൊടും തണുപ്പില്‍ പതിനഞ്ചു മിനിറ്റിനകം മരവിച്ചാണ് മരിച്ചത്. മരിച്ചവരിലേറെയും ബ്രിട്ടീഷുകാരായിരുന്നു. രക്ഷപ്പെട്ടവരിലേറെയും അമേരിക്കക്കാരും. ടൈറ്റാനിക്കിന്റെ ക്യാപ്റ്റന്‍ യാത്രക്കാരോട് ഉറക്കെ വിളിച്ചുപറഞ്ഞത് തങ്ങള്‍ കുലീനരായ ബ്രിട്ടീഷുകാരാണെന്നു കാണിക്കാനായിരുന്നു. ടൈറ്റാനിക് അപകടത്തില്‍പ്പെട്ടപ്പോള്‍ തൊട്ടടുത്തുണ്ടായിട്ടും സഹായിക്കാതിരുന്നതെന്തെന്നതിന് വിചാരണവേളയില്‍ എസ് എസ് കലിഫോര്‍ണിയ കപ്പല്‍ ജീവനക്കാര്‍ നല്‍കിയ വിശദീകരണം ഞെട്ടിക്കുന്നതാണ്. യാത്രാമധ്യേ മഞ്ഞുമലകണ്ടതിനെ തുടര്‍ന്ന് യാത്രയവസാനിപ്പിച്ച ഈ കപ്പലിലെ വയര്‍ലെസ് ജീവനക്കാരന്‍ പലതവണ ടൈറ്റാനിക്കിന് മുന്നറിയിപ്പു നല്‍കാന്‍ ശ്രമിച്ചിരുന്നത്രെ. യാത്രക്കാര്‍ വീടുകളിലേക്ക് സന്ദേശങ്ങളയക്കുമ്പോള്‍ കിട്ടുന്ന പണത്തിനായി ഈ വിലപ്പെട്ട സന്ദേശം ടെറ്റാനിക്കിലെ വയര്‍ലെസ് ജീവനക്കാര്‍ നിരാകരിക്കുകയായിരുന്നു.
Comments
Post a Comment